NRI
ന്യൂയോർക്ക്: മലങ്കര കത്തോലിക്കാ സഭ അമേരിക്ക - കാനഡ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പന്ത്രണ്ടാമത് കൺവെൻഷന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ജൂലൈ 23 മുതൽ 26 വരെ കണക്ടികട്ടിലെ സ്റ്റാഫഡിലുള്ള ഹിൽട്ടൻ ഹോട്ടൽ സമുച്ചയത്തിൽ വച്ച് വൈവിധ്യമാർന്ന വിവിധ പരിപാടികളോടെ നാല് ദിനരാത്രങ്ങൾ നീണ്ട നിൽക്കുന്ന കൺവെൻഷൻ പ്രോഗ്രാം അരങ്ങേറും.
അമേരിക്കയുടെയും കാനഡയിലെയും വിവിധ സ്റ്റേറ്റുകളിൽ നിന്നും അനേകം സഭാ വിശ്വാസികൾ ഇതിനോടകം കൺവെൻഷന് രജിസ്റ്റർ ചെയ്ത് കഴിഞ്ഞു.
മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ, ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത (ബത്തേരി ഭദ്രാസനം), ഡോ. തോമസ് മാർ യൗസേ ബിയോസ് മെത്രാപ്പോലീത്ത (പാറശാല ഭദ്രാസനം), ഡോ. മാത്യൂസ് മാർ പക്കോമിയോസ് (പൂനെ ഭദ്രാസനം), ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് (യുകെ - യൂറോപ്പ്), ഡോ. യൂഹാനോൻ മാർ അലക്സിയോസ് (തിരുവനന്തപുരം) തുടങ്ങിയ പിതാക്കന്മാർ ഈ വർഷത്തെ കൺവൻഷനിൽ മുഖ്യാതിഥികളായി എത്തിച്ചേരും.
തിരുവനന്തപുരം മലങ്കര മേജർ സെമിനാരി പ്രഫ. റവ. ഡോ. ജോളി കരിമ്പിൽ കൺവൻഷന്റെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ഈ വർഷത്തെ കൺവൻഷന്റെ മുഖ്യ ചിന്താവിഷയമായ ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുക എന്നതിനെ ആസ്പദമാക്കി വിവിധ പഠന ശിബിരങ്ങളും വിവിധ പരിപാടികളും അരങ്ങേറും എല്ലാ ദിവസവും രാവിലെ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
ആഘോഷമായ സമൂഹ ബലി, അല്മായ സംഗമം, യുവജന സമ്മേളനം, സുവിശേഷ സന്ധ്യ, സൺഡേസ്കൂൾ കുട്ടികളുടെ സംഗമം,നേതൃത്വ പരിശീലന സെമിനാർ, ക്വിസ് മത്സരം, കൾച്ചറൽ പ്രോഗ്രാം, കായിക മത്സരങ്ങൾ, വിവിധ ചർച്ചാ ക്ലാസുകൾ, പൊതുസമ്മേളനം തുടങ്ങിയ പരിപാടികൾ ഈ വർഷത്തെ പ്രോഗ്രാമിന്റെ ഹൈലൈറ്റുകൾ ആണ്.
പരിപാടികളുടെ വിജയത്തിനായി ഭദ്രാസന അധ്യക്ഷൻ മോസ്റ്റ്. റവ.ഡോ. ഫിലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത ചെയർമാനായും വികാരി ജനറൽ മോൺസിംഗോർ അഗസ്റ്റിൻ മംഗലത്ത് കോർ - എപ്പിസ്കോപ്പ ജനറൽ കൺവീനറായും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റിൻസി മനോജ് ജനറൽ സെക്രട്ടറിയായും വെരി.റവ.ഡോ. സജി മുക്കൂട്ട് ജനറൽ പ്രോഗ്രാം കോഓർഡിനേറ്ററായും റവ.ഫാ. നോബി അയ്യനേത്ത് ജനറൽ പ്രോഗ്രാം കോഓർഡിനേറ്ററായും വിവിധ കമ്മറ്റികൾക്ക് നേതൃത്വം നൽകുന്നു.
International
വാഷിംഗ്ടൺ ഡിസി: ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ വെടിവയ്പ്പ്. ആക്രമണത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിയെന്ന് എന്ന് സംശയിക്കുന്നയാളെ പോലീസ് പിന്തുടർന്ന് പിടികൂടി.
വ്യാഴാഴ്ച (പ്രാദേശിക സമയം) ഉച്ചകഴിഞ്ഞ് 3:40 ഓടെ ന്യൂയോർക്ക് നിക്സിന്റെ എൻബിഎ ചാമ്പ്യൻഷിപ്പ് വിജയം ആഘോഷിക്കാൻ ലോവർ മാൻഹാട്ടനിൽ നടന്ന പരേഡിന് തൊട്ടുപിന്നാലെയാണ് സംഭവം. പരേഡിന്റെ സുരക്ഷയ്ക്കായി പതിനായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വെടിവെയ്പ്പിന്റെ ശബ്ദം കേട്ട് ടൈംസ് സ്ക്വയറിലുണ്ടായിരുന്ന ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിമാറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
NRI
ന്യൂയോർക്ക്: ഫൊക്കാനയുടെ കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനങ്ങളും ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ കൽഹാരിയിൽ നടക്കുന്ന അന്തർദേശീയ കൺവൻഷന്റെ ഒരുക്കങ്ങളും വിശദീകരിക്കുന്ന പത്രസമ്മേളനം ന്യൂയോർക്കിൽ നടന്നു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ ഫൊക്കാന ദേശീയ പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി, ലീല മാരേട്ട്, ഫിലിപ്പോസ് ഫിലിപ്, ജോയി ഇട്ടൻ, ആന്റോ വർക്കി, മത്തായി ചാക്കോ, മറ്റു നേതാക്കൾ എന്നിവർ പങ്കെടുത്തു.
ഭാരവാഹികളെ സ്വാഗതം ചെയ്ത ഐപിസിഎൻഎ മുൻ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, മാധ്യമങ്ങളുമായുള്ള ഫൊക്കാന ഭരണസമിതിയുടെ എക്കാലവുമുള്ള സഹകരണത്തെ നന്ദിപൂർവം അനുസ്മരിച്ചു. സംഘടനയുടെ വിവിധ സാമൂഹിക സേവന പദ്ധതികളും കൺവെൻഷനും വിജയമാകട്ടെ എന്നും ആശംസിച്ചു.
ഫൊക്കാന ഇന്ന് ഒരു സാംസ്കാരിക സംഘടന മാത്രമല്ല, ഇന്ത്യ, കേരളം, അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ മലയാളി പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ശക്തമായ പ്രവാസി കൂട്ടായ്മയാണെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും പരിഹാരത്തിനായി ഇടപെടുകയും ചെയ്യുന്ന ഒരു ഫലപ്രദമായ കണ്ണിയായാണ് ഫൊക്കാന ഇന്ന് ഇന്ത്യ സർക്കാരിനും കേരള സർക്കാരിനും അമേരിക്കൻ ഭരണസംവിധാനങ്ങൾക്കും ഇടയിൽ പ്രവർത്തിക്കുന്നത്.
ഒസിഐ കാർഡ് പ്രശ്നങ്ങൾ, നേരിട്ടുള്ള വിമാന സർവീസ്, പ്രവാസികളുടെ സ്വത്ത് സംബന്ധമായ നികുതി വിഷയങ്ങൾ തുടങ്ങിയവയിൽ ഫൊക്കാന ശക്തമായി ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1983-ൽ രൂപീകൃതമായ ഫൊക്കാന ഇന്ന് ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലിയതുമായ മലയാളി സംഘടനകളുടെ ഫെഡറേഷനായി വളർന്നതായും അദ്ദേഹം പറഞ്ഞു. ഫൊക്കാനയുടെ പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ്, ഹെൽത്ത് ക്ലിനിക്ക് തുടങ്ങിയ പദ്ധതികൾ വഴി ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ വിവിധ അന്തർദേശീയ നിലവാരമുള്ള ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കുന്ന മെഡിക്കൽ കാർഡ് പദ്ധതിയും അമേരിക്കയിലെ സന്ദർശക വീസയിൽ എത്തുന്നവർക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്ന ഹെൽത്ത് ക്ലിനിക്കുകളും വലിയ സ്വീകാര്യത നേടി.
ന്യൂജഴ്സിയിലും ബോസ്റ്റണിലും പ്രവർത്തനം ആരംഭിച്ച ഹെൽത്ത് ക്ലിനിക്കുകൾ ഡാളസിലേക്കും ന്യൂയോർക്ക് മേഖലയിലേക്കും ഉടൻ വ്യാപിപ്പിക്കും. കേരളത്തിൽ മുങ്ങിമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഫൊക്കാന ആരംഭിച്ച "സ്വിം കേരള സ്വിം' പദ്ധതി ഇതിനകം വൈക്കം, കോട്ടയം, പാലാ എന്നിവിടങ്ങളിൽ നടപ്പാക്കിയതായി സജിമോൻ ആന്റണി പറഞ്ഞു.
നൂറുകണക്കിന് വിദ്യാർഥികൾക്ക് നീന്തൽ സുരക്ഷാ പരിശീലനവും രക്ഷാപ്രവർത്തന പരിശീലനവും നൽകി. ഫൊക്കാനയുടെ വിവിധ സേവന പദ്ധതികളെ ഒരൊറ്റ സംവിധാനത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്ന ടോൾ ഫ്രീ 1800 നമ്പർ ഏതാനും ദിവസത്തിനകം ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കൺവൻഷൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഗമങ്ങളിലൊന്നായി മാറുമെന്ന് സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സാഹചര്യങ്ങൾ അനുകൂലമായാൽ കേരള മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ - സാമൂഹിക നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.
ന്യൂജഴ്സി ഗവർണർ, കോൺഗ്രസ് അംഗങ്ങൾ, കേരളത്തിലെ മന്ത്രിമാർ, എംഎൽഎമാർ തുടങ്ങി വിശിഷ്ടാതിഥികളുടെ വലിയ നിര തന്നെ കൺവൻഷനിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അവസാന നിമിഷം സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാവാത്ത പക്ഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ എത്തുമെന്ന് സജിമോൻ ആന്റണി പറഞ്ഞു.
പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കാമെന്ന് ഉറപ്പു പറഞ്ഞതാണ്. കൽഹാരി കൺവെൻഷൻ ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമായിരിക്കുമെന്ന് മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി പറഞ്ഞു
ജനപങ്കാളിത്തം, വിശിഷ്ടാതിഥികൾ, പുതുമയാർന്ന പരിപാടികൾ എന്നിവകൊണ്ട് ശ്രദ്ധേയമാകുന്ന കൺവെൻഷനാകും ഇതെന്ന് ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗം ലീല മരേട്ടും അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ടുവർഷക്കാലമായി പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പ്രവർത്തനങ്ങളിലൂടെ ഫൊക്കാന കൈവരിച്ച നേട്ടങ്ങൾ സംഘടനയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ സഹായിച്ചതായി ഫൊക്കാന കേരള കൺവൻഷൻ ചെയർമാനും ഫൊക്കാന ടുഡേ ചീഫ് എഡിറ്ററുമായ ജോയി ഇട്ടൻ അഭിപ്രായപ്പെട്ടു.
റീജിയണൽ തലങ്ങളിൽ ഇതിനോടകം കൺവൻഷൻ മുന്നൊരുക്ക പ്രവർത്തനങ്ങൾ സജീവമാണെന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി പറഞ്ഞു. യൂത്ത് ഫെസ്റ്റിവൽ, കലാ-കായിക മത്സരങ്ങൾ, ഫുഡ് ഫെസ്റ്റിവൽ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയുടെ വിജയകരമായ നടത്തിപ്പിലൂടെ ദേശീയ കൺവൻഷന് ശക്തമായ അടിത്തറ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാഷണൽ കമ്മിറ്റി അംഗം മത്തായി ചാക്കോ കൺവൻഷന് ആശംസകൾ നേർന്നു. ഫൊക്കാന മുൻ ജനറൽ സെക്രട്ടറിയും മുൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഫിലിപ്പോസ് ഫിലിപ്പ്, 2018 മുതൽ സംഘടനയുടെ ലീഗൽ കോഓർഡിനേറ്ററായി പ്രവർത്തിച്ചുവരുന്ന കാര്യം ചൂണ്ടിക്കാട്ടി.
നിരവധി നൂതന ആശയങ്ങളും പദ്ധതികളും അവതരിപ്പിച്ച് സംഘടനയ്ക്ക് പുതിയ ഊർജം പകരാൻ ഈ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചരിത്രം സൃഷ്ടിക്കുന്ന ഒരു കൺവൻഷൻ ആണ് നിലവിലെ നേതൃത്വം ലക്ഷ്യമിടുന്നതെന്നും ആ ശ്രമം വിജയിക്കുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും ഫിലിപ്പോസ് ഫിലിപ്പ് കൂട്ടിച്ചേർത്തു.
മൂന്ന് പത്മപുരസ്കാര ജേതാക്കൾ ഒരേ വേദിയിൽ അണിനിരക്കുന്ന അപൂർവ നേട്ടവും കൺവൻഷന് സ്വന്തമാകുമെന്ന് ട്രഷറർ ജോയ് ചാക്കപ്പൻ പറഞ്ഞു. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, പ്രമുഖ വ്യവസായി പദ്മശ്രീ എം.എ. യൂസഫലി, പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം സമ്മേളനത്തിന്റെ മാറ്റുകൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ ദിനത്തിൽ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് ഷോയും 101 പേരടങ്ങുന്ന ഉദ്ഘാടന നൃത്താവിഷ്കാരവും അരങ്ങേറും. രണ്ടാം ദിനത്തിൽ "അമേരിക്ക ഗോട്ട് ടാലന്റ്' എന്ന പേരിൽ നോർത്ത് അമേരിക്കയിലെ കലാപ്രതിഭകളെ അണിനിരത്തുന്ന പുതുമയാർന്ന പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൺവൻഷന്റെ പ്രധാന ആകർഷണമായി ഗിന്നസ് വേൾഡ് റിക്കാർഡ് ശ്രമങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സജിമോൻ ആന്റണി പറഞ്ഞു. ആയിരത്തിലധികം പേരെ പങ്കെടുപ്പിച്ചുള്ള മോഹിനിയാട്ടവും 500-ലധികം കലാകാരന്മാർ പങ്കെടുക്കുന്ന ചെണ്ടമേളവും ഇതിനകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഇത്രയും പേരെ എങ്ങനെ സംഘടിപ്പിക്കുമെന്ന് പലരും ചോദിച്ചതാണ്. എന്നാൽ നിലവിൽ 1,100-ലധികം പേർ മോഹിനിയാട്ടത്തിനും 568 പേർ ചെണ്ടമേളത്തിനുമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഗിന്നസ് റിക്കാർഡ് ലഭിക്കാൻ കുറെ കടമ്പകൾ ഉണ്ട്. അവയെല്ലാം തരണം ചെയ്യാനായി. നോർത്ത് അമേരിക്കയിലുടനീളമുള്ള മലയാളി സമൂഹത്തിന്റെ പങ്കാളിത്തവും പിന്തുണയും ഇതിലൂടെ പ്രകടമാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനത്തിനായി 38,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള പ്രധാന ബാങ്ക്വറ്റ് ഹാളിനൊപ്പം രണ്ട് അധിക ഹാളുകളും ബുക്ക് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഏകദേശം 1,750-ലധികം കലാകാരന്മാർ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്നും നവ്യ നായർ, നാദിർഷാ ഉൾപ്പെടെയുള്ള ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖരും എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗിന്നസ് റിക്കാർഡ് പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരന്മാർക്ക് സൗജന്യ പ്രവേശനവും (പ്രോഗ്രാമുള്ള ദിവസം) ഭക്ഷണവും നൽകാൻ ഫൊക്കാന തീരുമാനിച്ചതായും സജിമോൻ ആന്റണി അറിയിച്ചു.
നൂറുകണക്കിന് കലാകാരന്മാർ ദൂരെ സ്ഥലങ്ങളിൽ നിന്ന് എത്തുന്നതിനാൽ അവരുടെ പങ്കാളിത്തം സുഗമമാക്കുകയാണ് ലക്ഷ്യമെന്നും അതിനാവശ്യമായ എല്ലാ ലോജിസ്റ്റിക് സംവിധാനങ്ങളും ഒരുക്കിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൺവെൻഷനിൽ നിന്ന് സാമ്പത്തിക ലാഭമല്ല, മറിച്ച് മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും സാംസ്കാരിക പൈതൃകവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ഫൊക്കാനയുടെ ലക്ഷ്യം. ഇത്ര വലിയൊരു മാമാങ്കത്തിൽ സ്പോൺസർഷിപ്പ് എടുക്കാൻ സാധിക്കുന്നത് ഒരു സുവർണാവസരമാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ചെണ്ടമേളത്തിലൂടെ റെക്കോർഡ് സൃഷ്ടിക്കാൻ ഒരുങ്ങുന്ന കലാകാരന്മാർക്ക് വസ്ത്രം സ്പോൺസർ ചെയ്യുന്ന കോട്ടയം ലക്ഷ്മി സിൽക്സിന്റെ പേര് അദ്ദേഹം എടുത്തു പറഞ്ഞു.
ചരിത്രം സൃഷ്ടിക്കുന്ന കൺവൻഷനിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന നേതാക്കൾ അറിയിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് സജി എബ്രഹാം, മാധ്യമപ്രവർത്തകരായ ജോർജ് ജോസഫ്, ജോസ് കാടാപ്പുറം, ഷിജോ പൗലോസ്, ബിനു തോമസ് എന്നിവരും പങ്കെടുത്തു.
പ്രസ് ക്ലബിന് വേണ്ടി ജോസ് കടാപ്പുറം നന്ദി പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: ന്യൂയോർക്ക് സിറ്റിയിൽ നിയന്ത്രണം വിട്ട കുതിരവണ്ടിയിൽ നിന്ന് തെറിച്ചു വീണ് ഇന്ത്യക്കാരനായ കൗമാരക്കാരൻ മരിച്ചു. അമേരിക്കയിലെ പ്രശസ്തമായ സെൻട്രൽ പാർക്കിൽ വച്ചുണ്ടായ അപകടത്തിൽ രോമഞ്ച് മഹാജൻ(18) ആണ് മരിച്ചത്. ടൂറിസ്റ്റ് വീസയിലാണ് രോമഞ്ച് അമേരിക്കയിലെത്തിയത്.
കുടുംബത്തോടൊപ്പം കുതിരവണ്ടിയിൽ സഞ്ചരിക്കുകയായിരുന്ന രോമഞ്ച് മഹാജന്, വണ്ടിയിൽ നിന്ന് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്നുപേരടങ്ങുന്ന യാത്രക്കാരുടെ ചിത്രം പകർത്താനായി ഡ്രൈവർ വണ്ടിയിൽ നിന്നും മാറിയ സമയത്താണ് കുതിര നിയന്ത്രണം വിട്ട് ഓടിയത്. മറ്റൊരു കുതിരവണ്ടിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഈ വണ്ടി തലകീഴായി മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രോമഞ്ച് മഹാജനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചയുടൻ തന്നെ അദ്ദേഹം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അതേസമയം, വണ്ടിയിലുണ്ടായിരുന്ന മറ്റ് രണ്ട് യാത്രക്കാർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
NRI
ന്യൂയോർക്ക്: കേരള സെന്റർ സ്ഥാപകൻ ഇലവുങ്കൽ സ്റ്റീഫന്റെയും ചിന്നമ്മയുടെയും പുത്രനും പ്രമുഖ അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് "സത്ബീസ് ഇന്റർനാഷണൽ റിയൽറ്റിയുടെ' സീനിയർ വൈസ് പ്രസിഡന്റും ജനറൽ കൗൺസലുമായ സനോജ് സ്റ്റീഫന്റെ (51) അകാല നിര്യാണം മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി.
2004ൽ സതബീസ് ഗ്രൂപ്പിൽ ചേർന്ന സനോജ് സ്റ്റീഫൻ, 2006 മുതൽ കമ്പനിയുടെ കോർപ്പറേറ്റ് ബ്രോക്കറേജ് ഓപ്പറേഷൻസിന്റെ സീനിയർ വൈസ് പ്രസിഡന്റായും ജനറൽ കൗൺസലായും പ്രവർത്തിച്ചുവരികയായിരുന്നു. 2019 നവംബർ മുതൽ കമ്പനിയുടെ ഫ്രാഞ്ചൈസി വിഭാഗത്തിന്റെ ലീഗൽ അഡ്വൈസർ ചുമതലയും വഹിച്ചിരുന്നു.
കോർപ്പറേറ്റ് സ്ട്രാറ്റജി, കോർപ്പറേറ്റ് ഇടപാടുകൾ, ലയനങ്ങൾ, ബ്രാൻഡ് ഐഡന്റിറ്റി മാനേജ്മെന്റ്, വ്യവഹാരങ്ങൾ എന്നിവയിലെല്ലാം കമ്പനിയുടെ നിയമവിഭാഗത്തിന് നേതൃത്വം നൽകി. സതബീസിൽ എത്തുന്നതിന് മുൻപ് ന്യൂയോർക്കിലെ പ്രമുഖ ലോ ഫേമായ "ക്രാമർ ലെവിൻ നാഫ്താലിസ് & ഫ്രാങ്കൽ' കോർപ്പറേറ്റ് അറ്റോർണിയായിരുന്നു.
ഈ കാലയളവിൽ സൗത്ത് ബ്രൂക്ലിൻ ലീഗൽ സർവീസസുമായി സഹകരിച്ച്, സാധാരണക്കാർക്കായി ഹൗസിങ് കോടതികളിലും വിവിധ സ്റ്റേറ്റ് ഏജൻസികളിലും സൗജന്യ നിയമസഹായവും നൽകി. 'ന്യൂമാർക്ക് & കമ്പനി റിയൽ എസ്റ്റേറ്റ് Incയുടെ ജനറൽ കൗൺസൽ ഓഫീസിലും, മുൻപ് റെബൂൾ, മക്മുറെ, ഹെവിറ്റ്, മെയ്നാർഡ് & ക്രിസ്റ്റൽ എന്നറിയപ്പെട്ടിരുന്ന 'റോപ്സ് & ഗ്രേ' (Ropes & Gray LLP) ലോ ഫേമിന്റെ ന്യൂയോർക്ക് ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ന്യൂയോർക്ക് സ്റ്റേറ്റ് ബാർ അസോസിയേഷന്റെ കോർപ്പറേറ്റ് കൗൺസൽ സെക്ഷൻ ഓഫീസർ ആയും പ്രവർത്തിച്ചിരുന്നു. "ഹ്യൂ ഒബ്രയാൻ യൂത്ത് ലീഡർഷിപ്പിന്റെ' (HOBY) ബോർഡ് ഓഫ് ട്രസ്റ്റിസിലും ഗവേണിംഗ് ബോഡി അംഗമായും, 2015-16 കാലയളവിൽ ബോർഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റായും പ്രവർത്തിച്ചു.
കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് (Cum Laude) ബിരുദം നേടിയ സനോജ് സ്റ്റീഫൻ ഫോർധാം ലോ സ്കൂളിൽ നിന്നാണ് (JD) ബിരുദം നേടിയത്. അറ്റോർണി കൂടിയായ ഭാര്യ ജോമിഷ ഡെൽഗാഡോ സ്റ്റീഫൻ, പ്രശസ്തമായ ഡാർട്ട്മൗത്ത് കോളേജ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫോർ സ്ട്രാറ്റജി & സ്പെഷ്യൽ കൗൺസൽ ടു ദി പ്രസിഡന്റ് ആണ്.
മക്കൾ: ബെയ്ലി സ്റ്റീഫൻ, കോണർ സ്റ്റീഫൻ. സഹോദരങ്ങൾ: ഡെയ്സി സ്റ്റീഫൻ പള്ളിപ്പറമ്പിൽ, കെന്നി പള്ളിപ്പറമ്പിൽ. അനന്തരവന്മാർ: ലൂക്കാസ് ബബീന്ദ്രൻ, ഓമന പള്ളിപ്പറമ്പിൽ. പൊതുദർശനം ചൊവ്വാഴ്ച വൈകുന്നേരം നാല് മുതൽ രാത്രി എട്ട് വരെ; ബുധനാഴ്ച വൈകുന്നേരം നാല് മുതൽ രാത്രി എട്ട് വരെ: Fairchild Funeral Chapel, 1570 Northern Blvd, Manhasset, New York 11030 സംസ്കാര ശുശ്രുഷ വ്യാഴാഴ്ച രാവിലെ 9.45 St Anastasia Church , 45-14 245th St, Douglaston, NY 11362ൽ.
NRI
ന്യൂയോർക്ക്: ക്വീൻസ്, ബ്രൂക്ക്ലിൻ, ലോംഗ് ഐലൻഡ് പ്രദേശങ്ങളിലെ വിവിധ ഇന്ത്യൻ കമ്യൂണിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ മെമ്മോറിയൽ ഡേ-2026 സമുചിതമായി ആചരിച്ചു. ക്വീൻസിലെ സന്തൂർ റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.
ഉച്ചഭക്ഷണത്തിന് ശേഷം ആരംഭിച്ച സമ്മേളനത്തിന് കോശി ഒ. തോമസ് സ്വാഗതം ആശംസിച്ചു. ഡെൻസിൽ ജോർജ് എംസിയായി യോഗനടപടികൾക്ക് നേതൃത്വം നൽകി.
അമേരിക്കൻ ദേശീയഗാനത്തോടെയും ഇന്ത്യൻ ദേശീയഗാനത്തോടെയും യോഗം ആരംഭിച്ചു. തുടർന്ന് പാസ്റ്റർ വിൻസെന്റ് ജോർജ് മെമ്മോറിയൽ ഡേയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രാർഥന നടത്തി.
വിവിധ സംഘടനകളെയും സമൂഹത്തെയും പ്രതിനിധീകരിച്ച് ജോർജ് എബ്രഹാം, ഉഷാ ജോർജ്, വർഗീസ് പോത്താനിക്കാട്, താര ഷാജൻ എന്നിവർ ഉൾപ്പെടെ നിരവധി പേർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
രാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച ധീരസൈനികരെ ആദരിക്കുന്ന ദിനമാണ് മെമ്മോറിയൽ ഡേയെന്ന് പ്രസംഗകർ ഓർമപ്പെടുത്തി. അവരുടെ ത്യാഗവും ധൈര്യവും കൊണ്ടാണ് ഇന്ന് നാം സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നതെന്ന് അവർ പറഞ്ഞു.
വീരമൃത്യു വരിച്ച സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും നന്ദിയും ബഹുമാനവും അർപ്പിക്കണമെന്ന് പ്രസംഗകർ സദസ്യരെ ഓർമിപ്പിച്ചു.
NRI
ന്യൂയോർക്ക്: കൂരോപ്പട മനയിൽ ട്രെയിഡേഴ്സ് ഉടമ കൊച്ചുത്രേസ്യ (67) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 10.30ന് ന്യൂയോർക്കിൽ.
പരേത വായ്പ്പൂർ കരത്തോട്ടം കുടുംബാംഗമാണ്. ഭർത്താവ്: ആഗസ്തി ഫിലിപ്പ്. മക്കൾ: ജോബിൻ, ജോവിസ്. മരുമക്കൾ: നിഷ, ഡോ. ജില്ലൻ.
NRI
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർ തോമാ ഡയോസിസ് സുവിശേഷ സേവികാ സംഘത്തിന്റെ 2026-2029 വർഷങ്ങളിലെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ നാലിന് നടക്കും.
"വിശ്വാസത്തിലും കൂട്ടായ്മയിലും സേവനത്തിലും ഒരു പുതിയ തുടക്കം' എന്ന പ്രമേയവുമായി സൂം വഴിയാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.
ഡയോസിഷൻ ബിഷപ്പും സേവികാ സംഘം പ്രസിഡന്റുമായ റൈറ്റ് റവ. ഡോ. അബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ യോഗത്തിൽ അധ്യക്ഷത വഹിക്കുകയും പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയും ചെയ്യും.
മിഷനറി ഡോക്ടറായ ഡോ. റോഷിൻ മേരി കോശി മുഖ്യപ്രഭാഷണം നടത്തും. വിവിധ സമയമേഖലകളിലെ മീറ്റിംഗ് സമയം 08:30 പിഎം ഇഎസ്ടി, 07:30 പിഎം സിഎസ്ടി, 06:30 പിഎം എംഎസ്ടി, 05:30 പിഎം പിഎസ്ടി. സൂം മീറ്റിംഗ് വിവരങ്ങൾ: ഐഡി: 885 6926 3060. പാസ്കോഡ്: prayer.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്: റവ. ബ്രേസിൻ കെ. മോൻ (വൈസ് പ്രസിഡന്റ്) - 914 359 8907, മേഴ്സി തോമസ് (സെക്രട്ടറി) - 516 587 1964, ലിനി മത്തായി (ട്രഷറർ) - 972 693 6462, നോബി ബൈജു (അസംബ്ലി മെമ്പർ) - 732 983 7253.
NRI
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷനും ക്രൈസ്തവ സഭകളുടെ ആഗോള വേദിയായ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ (ഡബ്ല്യുസിസി) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസിനെ ന്യൂയോർക്ക് ജനറൽ തിയോളജിക്കൽ സെമിനാരി ഡോക്ടർ ഓഫ് ഡിവിനിറ്റി ബിരുദം നൽകി ആദരിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ എട്ട് ഔദ്യോഗിക എപ്പിസ്കോപ്പൽ സെമിനാരികളിൽ ഒന്നാണ് ന്യൂയോർക്കിലെ മാൻഹട്ടനിൽ സ്ഥിതിചെയ്യുന്ന ജനറൽ തിയോളജിക്കൽ സെമിനാരി.
അമേരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ഉന്നത പഠനത്തിനു ശേഷം ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിസ്ത്യൻ എഡ്യൂക്കേഷനിലും ബിഷപ് ഡോ. മാർ പൗലോസ് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
2005 മേയ് 14-ന് മാർത്തോമ്മാ സഭയിൽ എപ്പിസ്കോപ്പയായി സ്ഥാനാരോഹണം ചെയ്യപ്പെട്ട ഡോ. മാർ പൗലോസ് കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവകയിലെ കാഞ്ഞിരത്തറ കെ.സി. ഉതുപ്പിന്റെയും സോസമ്മയുടെയും മകനാണ്.
International
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ മാൻഹോളിൽ വീണ് വനിത മരിച്ചു. മാൻഹാട്ടനിലെ റോഡുവക്കിൽ കാർ നിർത്തി പുറത്തേക്കിറങ്ങാൻ കാലുകുത്തിയ അന്‍പത്താറുകാരി മൂടിയില്ലാത്ത കുഴിയിൽ വീഴുകയായിരുന്നു.
കുഴിക്ക് മൂന്നു മീറ്റർ ആഴമുണ്ടായിരുന്നു. ഉടനെത്തിയ പോലീസ് അബോധാവസ്ഥയിലായിരുന്ന വനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംഭവത്തിന് ഏതാനും മിനിറ്റ് മുന്‍പ് റോഡിലൂടെ ഒരു ട്രക്ക് പോയപ്പോൾ കുഴിയുടെ മൂടി നീങ്ങിപ്പോയതാണെന്നു കണ്ടെത്തി.
NRI
ന്യൂയോർക്ക്: ബ്രോങ്ക്സിലും ക്വീൻസിലുമായി ഒരു ദിവസത്തെ ഇടവേളയിൽ ഉണ്ടായ രണ്ട് വൻ തീപിടുത്തങ്ങളിൽ മൂന്ന് പേർ മരിച്ചതായി അഗ്നിശമന സേന അറിയിച്ചു.
മരിച്ചവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ബ്രോങ്ക്സിലെ കെട്ടിടത്തിൽ നിന്നാണ് കണ്ടെത്തിയത്. മോട്ടോ ഹാവനിലെ തേർഡ് അവന്യൂവിലുള്ള ഒരു കെട്ടിടത്തിൽ ബുധനാഴ്ചയാണ് വൻ തീപിടുത്തമുണ്ടായത്.
തീ അണച്ചതിന് പിന്നാലെ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ വ്യാഴാഴ്ച നടത്തിയ വിശദമായ പരിശോധനയിൽ കെട്ടിടത്തിനുള്ളിൽ നിന്ന് രണ്ടാമതൊരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു.
ഇത് ഉപേക്ഷിക്കപ്പെട്ട ഒരു അപ്പാർട്ട്മെന്റാണെന്നാണ് ആദ്യം കരുതിയിരുന്നത്. ക്വീൻസിലുണ്ടായ മറ്റൊരു തീപിടിത്തത്തിലാണ് മൂന്നാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. രണ്ട് സംഭവങ്ങളിലും തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
അഗ്നിശമന സേനയിലെ പ്രത്യേക വിഭാഗം അന്വേഷണം നടത്തിവരികയാണ്. തുടർച്ചയായുണ്ടായ ഈ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിൽ അഗ്നിശമന സേന പരിശോധന കർശനമാക്കിയിട്ടുണ്ട്.
NRI
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ന്യൂയോർക്ക് വെസ്റ്റ് സെയ്വിൽ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താ വിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ ജെയ്സൺ തോമസ്, ആശ ജോർജ്, ഐറിൻ പോൾ, മാത്യു വർഗീസ് (ബേബി), വനേസ മാത്യു എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ദേവാലയ സെക്രട്ടറി ലിജു കുര്യാക്കോസ്, ട്രഷറർ സന്തോഷ് കോരുത് എന്നിവരും സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. എബ്രഹാം (ഫിൽമോൻ) ഫിലിപ്പ് ഇടവക കമ്മിറ്റിയോടൊപ്പം കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.
കോൺഫറൻസ് കോർ ടീമിനെയും കമ്മിറ്റി അംഗങ്ങളെയും ജെയ്സൺ തോമസ് സ്വാഗതം ചെയ്യുകയും പരിചയപ്പെടുത്തുകയും ചെയ്തു. ആശ ജോർജ് ഈ വർഷത്തെ കോൺഫറൻസിന്റെ ചിന്താ വിഷയം, തീയതി, സമയം, സ്ഥലം, പ്രഭാഷകർ, രജിസ്ട്രേഷൻ നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ പങ്കുവച്ചു.
NRI
ന്യൂയോര്‍ക്ക്: വി. യൗസേപിതാവിന്റെ നാമത്തിലുള്ള വെസ്റ്റ്ചെസ്റ്റര്‍-ബ്രോണ്‍സ് ക്നാനായ ദേവാലയത്തില്‍ മേയ് മൂന്ന് മുതൽ കുടുംബനാഥന്മാരുടെ പ്രത്യേക മധ്യസ്ഥനായ വി. യൗസേപിതാവിന്റെ തിരുനാള്‍ കൊണ്ടാടുന്നു.
എല്ലാ ശനിയാഴ്ചകളിലും യോങ്കേഴ്സിലെ മലങ്കര റീത്തു ദേവാലയത്തിൽ (18 ട്രിനിറ്റി സ്ട്രീറ്റ് യോങ്കേഴ്സ്) വെസ്റ്റ്ചെസ്റ്റര്‍ ബ്രോണ്‍സ് പ്രദേശങ്ങളിലെ ക്നായക്കാര്‍ കുര്‍ബാനയ്ക്ക് ഒത്തുകൂടുന്നതിനു പുറമെ ഈ വർഷവും യൗസേപിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുകയാണ്.
ഈ തിരുന്നാളില്‍ വന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 3.30നുള്ള ലദീഞ്ഞോടുകൂടി തിരുന്നാൾ ആരംഭിക്കുന്നതോടപ്പം തിരുനാള്‍ കര്‍മങ്ങള്‍ക്കു കാർമികത്വം വഹിക്കുന്നത് ന്യൂയോർക് ക്നാനായ ഫൊറാന വികാരി റവ.ഫാ. പത്രോസ് ചമ്പക്കരയും ന്യൂജേഴ്സി ക്നാനായ കത്തോലിക്ക പള്ളി വികാരി റവ.ഫാ.ഡോ. ബിബി തറയിൽ തിരുനാൾ സന്ദേശവും നൽകുന്നു.
വിശുദ്ധ കുര്‍ബാനയും നൊവേനയ്ക്കും പുറമെ ആഘോഷമായ പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ടെസി മച്ചാനിക്കൽ, ബിജു ഒരപ്പാങ്കൽ എന്നിവർ പ്രസുദേന്തിമാരായ വി.യൗസേപ്പ് പിതാവിന്റെ തിരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് മിഷന് ഡയറക്ടര്‍ - ഫാ. ജോബി പൂച്ചൂകണ്ടത്തിൽ - 224 766 5831, ട്രസ്റ്റിമാര്‍- എബ്രഹാം പൂളിയാലുന്നേല് - 914 310 0498, ബിജു ഒരപ്പാങ്കൽ - 347 882 3000.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക സന്ദർശിക്കുന്ന ബ്രിട്ടനിലെ രാജാവ് ചാൾസും പത്നി കാമില്ലയും ഇന്നലെ ന്യൂയോർക്കിൽ 9/11 ഭീകരാക്രമണ അനുസ്മരണപരിപാടിയിൽ പങ്കെടുത്തു.
2001 സെപ്റ്റംബർ 11ന് അൽക്വയ്ദ ഭീകരർ യാത്രാവിമാനങ്ങൾ ഇടിച്ചുകയറ്റി തകർത്ത വേൾഡ് ട്രേഡ് സെന്റർ നിലനിന്നിരുന്ന ലോവർ മാൻഹാട്ടനിലായിരുന്നു ചടങ്ങുകൾ. പരിപാടിക്കിടെ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുമായി ചാൾസ് കൂടിക്കാഴ്ച നടത്തി.
ചൊവ്വാഴ്ച ചാൾസിനും കാമില്ലയ്ക്കും പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിൽ ഔദ്യോഗിക സ്വീകരണവും അത്താഴവിരുന്നും നല്‍കിയിരുന്നു. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത ചാൾസ്, അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള സൈനികബന്ധത്തെക്കുറിച്ചും നാറ്റോയുടെ പ്രാധാന്യത്തെക്കുറിച്ചും എടുത്തുപറഞ്ഞു.
ഇറാന്റെ ആണവപദ്ധതികൾ അവസാനിപ്പിക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് ചാൾസ് തന്നോടു പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ബക്കിങാം കൊട്ടാരം ഇക്കാര്യം സ്ഥിരീകരിക്കാൻ തയാറായിട്ടില്ല.
NRI
ന്യൂയോർക്ക്: റോക്ക്ലാൻഡ് ന്യൂസിറ്റിയിലെ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഈ മാസം 25, 26 തീയതികളിൽ ആത്മീയ ഭംഗിയോടും ഭക്തിപൂർവമായ അന്തരീക്ഷത്തോടും കൂടി ആഘോഷിച്ചു.
വിശ്വാസികളുടെ വലിയ പങ്കാളിത്തം കൊണ്ട് പെരുന്നാൾ അനുഗ്രഹസമൃദ്ധമായ ഒരു ആത്മീയ സംഗമമായി മാറി.
NRI
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് വാലി കോട്ടേജ് സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താ വിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ ഡോ. സ്കറിയ ഉമ്മൻ, ഡോ. റെബേക്ക പോത്തൻ, ബിജോ തോമസ്, ഡോ. സ്മിത തോമസ്, സജി പോത്തൻ എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ദേവാലയ സെക്രട്ടറി പോൾ കറുകപ്പിള്ളിൽ, ട്രഷറർ വൽസ ബോബൻ, വർഗീസ് ഉലഹന്നാൻ എന്നിവരും സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. മാത്യു തോമസ് ഇടവക കമ്മിറ്റിയോടൊപ്പം കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു.
ഡോ. റെബേക്ക പോത്തൻ കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും ഈ വർഷത്തെ കോൺഫറൻസിന്റെ ചിന്താ വിഷയം, കോൺഫറൻസ് തീയതി, സമയം, സ്ഥലം, പ്രഭാഷകർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോംഗ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.
NRI
ന്യൂയോർക്ക്: യുഎസ് മുൻ പ്രസിഡന്റ് ബരാക് ഒബാമയും ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനിയും ബ്രോങ്ക്സിലെ ഒരു പ്രീ-സ്കൂൾ സന്ദർശിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.
കുട്ടികള്‍ക്കൊപ്പം പാട്ടുപാടിയും കഥകൾ പറഞ്ഞും സമയം ചെലവഴിച്ച ഇരുനേതാക്കളുടെയും ലാളിത്യത്തെ നെറ്റിസൺസ് വാനോളം പുകഴ്ത്തി. സൗത്ത് ബ്രോങ്ക്സിലെ "ലേണിംഗ് ത്രൂ പ്ലേ' പ്രീ-കെ സെന്ററിലായിരുന്നു ഈ മാസം 18ന് ഇരുവരും എത്തിയത്.
കുട്ടികളോടൊപ്പം ചേർന്ന് "വീൽസ് ഓൺ ദി ബസ്' എന്ന പാട്ട് പാടിയതും കുട്ടികളുടെ തമാശകൾക്ക് ഒബാമ മറുപടി നൽകിയതുമാണ് വീഡിയോയിൽ ശ്രദ്ധേയമായത്. മംദാനി മേയറായി 100 ദിവസം പൂർത്തിയാക്കിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
നഗരത്തിലെ വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ച് ഇരുവരും തമ്മിൽ ചർച്ചകൾ നടത്തി.
NRI
ന്യൂയോർക്ക്: ന്യൂസിറ്റി സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ ഇടവകയുടെ കാവൽപിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഈ മാസം 25, 26 (ശനി, ഞായർ) തീയതികളിൽ ഭക്ത്യാദരപൂർവം നടത്തപ്പെടുന്നു.
അമേരിക്കൻ അതിഭദ്രാസനാധിപനും പാത്രിയാർക്കൽ വികാരിയുമായ യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്ത പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് പുണ്യശ്ലോകനായ മോർ അത്താനാസ്യോസ് യേശു സാമുവൽ മെത്രാപ്പോലീത്തയുടെ അനുസ്മരണവും നടക്കും.
ശനിയാഴ്ച വൈകുന്നേരം 6.30ന് കൊടിയേറ്റത്തോടെ പെരുന്നാൾ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന സന്ധ്യാനമസ്കാരത്തിന് ശേഷം റവ.ഫാ. ബെൽസൺ കുര്യാക്കോസ് വചനപ്രഘോഷണം നടത്തും. ഭക്തിനിർഭരമായ റാസ, ആശീർവാദം, സ്നേഹവിരുന്ന് എന്നിവയോടെ ഒന്നാം ദിവസത്തെ ചടങ്ങുകൾ സമാപിക്കും.
പ്രധാന ദിവസമായ ഞായറാഴ്ച രാവിലെ മെത്രാപ്പോലീത്തയെ 8.45ന് സ്വീകരിച്ചാനയിക്കുന്നതും തുടർന്നു ഒമ്പതിന് പ്രഭാത നമസ്കാരവും യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും. വിശുദ്ധ ഗീവർഗീസ് സഹദായോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർഥന, റാസ, ആശീർവാദവും സ്നേഹവിരുന്നും തുടർന്ന് കൊടിയിറക്കത്തോടുകൂടി ഈ വർഷത്തെ പെരുന്നാൾ സമാപിക്കും.
വികാരി ഗീവർഗീസ് തോമസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പ, അസിസ്റ്റന്റ് വികാരി റവ.ഫാ. വിവേക് അലക്സ് എന്നിവരുടെ നേതൃത്വത്തിൽ പള്ളി ഭാരവാഹികളും ആത്മീയ സംഘടനകളും പെരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു.
ഷോൺ വെള്ളാവള്ളിൽ, സോണിയ വെള്ളാവള്ളിൽ എന്നിവരാണ് ഈ വർഷത്തെ പെരുന്നാൾ ഏറ്റെടുത്തു നടത്തുന്നത്. ആത്മീയ അനുഗ്രഹങ്ങൾ നിറഞ്ഞ ഈ പെരുന്നാൾ ചടങ്ങുകളിൽ നേർച്ചകാഴ്ചകളോടെ പങ്കുചേരാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി സണ്ണി പൗലോസ് - 845 598 5094, ട്രസ്റ്റി ലാൻസ് പൗലോസ് - 845 521 4151 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
NRI
ന്യൂയോർക്ക്: മോഹൻവീണ എന്ന അപൂർവ സംഗീതോപകരണ വാദനത്തിലൂടെ ലോക പ്രശസ്തനായ സംഗീതജ്ഞൻ പോളി വർഗീസിന് ന്യൂയോർക്കിൽ സ്വീകരണം നൽകി.
ലോക സഞ്ചാരത്തിന്റെ ഭാഗമായി ഒട്ടേറെ രാജ്യങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിക്കുന്ന തൃശൂർ സ്വദേശി പോളി വർഗീസ്, അമേരിക്കൻ പര്യടനത്തിന് ഇടയിൽ ന്യൂയോർക്കിൽ എത്തിച്ചേർന്നപ്പോൾ ആണ് മോഹനവീണയിൽ സംഗീത സദസ് നടത്തിയത്.
ന്യൂയോർക്കിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാനിദ്യമായ രവി വെലികെട്ടിലിന്റെ (രവി നായർ) നേതൃത്വത്തിലായിരുന്നു സ്വീകരണ പരിപാടി നടത്തിയത്. സിത്താറിന്റെയും വീണയുടെയും സരോദിന്റെയും ഭാവങ്ങൾ ഇഴചേർന്ന
ഭാവങ്ങൾ ഇഴചേർന്ന ഇരുപത്തിരണ്ടോളം തന്ത്രികളുള്ള മോഹന വീണയിൽ വിസ്മയം തീർക്കുന്ന ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാളാണു പോളി.
രണ്ട് മണിക്കൂറിൽ അധികം കാണികളെയും വിസ്മയ ലോകത്തു എത്തിച്ച പോളി വർഗീസ് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സംഗീത വിരുന്നാണ് കാണികൾക്ക് നൽകിയത്. ഓരോ രാഗത്തിലും മോഹനവീണയിൽ സംഗിതം ആലപിച്ച അദ്ദേഹം കാണികളെ വിസ്മയ ലോകത്തു എത്തിച്ചു കേട്ടിരുന്നവർ ഏവരും അദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിച്ചു.
കവി, നാടക–സിനിമ നടൻ, സംഗീത സംവിധായകൻ, ചിത്രകാരൻ എന്നീ നിലകളിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അഗാധ പാണ്ഡിത്യമുള്ള പൊളി വർഗീസ് അഞ്ചു വർഷമായി ഓസ്ട്രേലിയയിൽ ആണ് താമസം എങ്കിലും യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ അദ്ദേഹം സംഗീത വിരുന്നുകൾ നടത്താറുണ്ട്. തോളിൽ മോഹനവീണയുമായി പലപ്പോഴും ലോക യാത്രകളിലാണു പോളി വർഗീസ്. 2012–ൽ മൊസാർട്ട് മ്യൂസിക് ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രധിനിധികരും പങ്കെടുത്തു.
ഹിന്ദുസ്ഥാനി സംഗീത കലാകാരനും ഗ്രാമി പുരസ്കാര ജേതാവുമായ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിന്റെ ശിഷ്യനാണ് പോളി . സിതാർ, സന്തൂർ, സാരംഗി, സരോദ്, ഹവായിയൻ ഗിറ്റാർ എന്നിവയുടെ സമന്വയമാണു 22 തന്ത്രികളുള്ള സംഗീതോപകരണമായ മോഹനവീണ. പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട് സൃഷ്ടിച്ചതാണ് ഈ വാദ്യോപകരണം. അദ്ദേഹം രണ്ട് മോഹനവീണകൾ മാത്രമാണു നിർമിചതു , അതിലൊന്നു പോളിയുടെ സ്വന്തമാണ്. ഇതിലേക്കു രണ്ടു തന്ത്രികൾ പോളി കൂട്ടിച്ചേർത്തു. അതാണ് ഇന്ന് എല്ലാ വേദികളിലും പോളി വർഗീസ് വായിക്കുന്നത്.
പങ്കെടുത്ത ഏവർക്കും വിനോദ് കെആർകെ സ്വാഗതവും പദ്മകുമാർ നന്ദിയും പറഞ്ഞു. ന്യൂ യോർക്കിലെ പ്രമുഖരായ നിരവധി ആളുകൾ പങ്കെടുത്ത ഈ പരിപാടിയുടെ വിജയത്തിന് വേണ്ടി സുരേഷ് പണിക്കർ, ഹരിലാൽ നായർ എന്നിവരും പ്രവർത്തിച്ചു.
NRI
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ന്യൂയോർക്ക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഡച്ചസ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താ വിഷയം.കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ പോൾ ജോൺ, എലിസബത്ത് പോൾ, ജൂലിയ അലക്സ് എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ദേവാലയ വികാരി ഫാ. ബോബി വർഗീസ് ഇടവക കമ്മിറ്റിയോടൊപ്പം കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു ഇടവകാംഗങ്ങൾക്കു പരിചയപ്പെടുത്തി.
NRI
ന്യൂയോർക്ക്: അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ സംഘടനാ നേതാക്കൾ ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായി നിർണായക ചർച്ച നടത്തി. ഇന്ത്യയുടെ ന്യൂയോർക്കിലെ കോൺസുൾ ജനറൽ അംബാസഡർ ബിനയ ശ്രീകാന്ത പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു യോഗം.
ഫോമാ നാഷണൽ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നേതാവ് സജി അബ്രഹാം, ഫോമാ മുൻ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, മാർത്തോമ്മാ സഭ കൗൺസിൽ അംഗം സന്തോഷ് അബ്രഹാം, ഫോമാ ജോയിന്റ് സെക്രട്ടറി പോൾ ജോസ്, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ പ്രതിനിധി ജെയിംസ് പീറ്റർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് മരണവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിൽ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനായി 10,000 ഡോളർ വരെ സാമ്പത്തിക സഹായം ലഭ്യമാണെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
കൂടാതെ, ഗാർഹിക പീഡനം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുന്ന ഇന്ത്യൻ പാസ്പോർട്ട് ഉടമകളായ വനിതകൾക്ക് 4,000 ഡോളർ വരെ നിയമസഹായം നൽകുന്ന സംവിധാനവും നിലവിലുണ്ടെന്ന് വ്യക്തമാക്കി.
ന്യൂയോർക്കിലെ കോൺസുലേറ്റ് അടിയന്തര സേവനങ്ങൾക്കായി വർഷം മുഴുവൻ (365 ദിവസം) പ്രവർത്തിക്കുന്നതായും ഒസിഐ, അറ്റസ്റ്റേഷൻ, പവർ ഓഫ് അറ്റോർണി തുടങ്ങിയ സേവനങ്ങൾക്കായി ഇന്ത്യൻ സമൂഹത്തിന് എപ്പോഴും സഹായം ലഭ്യമാക്കുന്നതായും അറിയിച്ചു.
അമേരിക്കയിലെ ഇന്ത്യൻ പൗരന്മാർക്ക് സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി, പെൻസിൽവാനിയയും ന്യൂജഴ്സിയും സംസ്ഥാനങ്ങളിലെ ഇന്ത്യൻ സമൂഹത്തിന് ഇനി എഡിസൺ, ന്യൂജഴ്സിയിലെ വെെഎഫ്എസ് കേന്ദ്രത്തിൽ നിന്ന് സേവനങ്ങൾ ലഭ്യമാകും.
തിങ്കൾ മുതൽ ശനി വരെ പ്രവർത്തിക്കുന്ന ഈ കേന്ദ്രം പാസ്പോർട്ട്, ഒസിഐ, അറ്റസ്റ്റേഷൻ, പവർ ഓഫ് അറ്റോർണി തുടങ്ങിയ വിവിധ കോൺസുലർ സേവനങ്ങൾ നൽകും.
ഇതോടെ സമീപ സംസ്ഥാനങ്ങളിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ന്യൂയോർക്കിലേക്ക് യാത്ര ചെയ്യേണ്ട ബുദ്ധിമുട്ട് കുറയും. സേവനങ്ങൾ വേഗത്തിലും സൗകര്യപ്രദമായും ലഭ്യമാക്കുന്നതിനുള്ള കോൺസുലേറ്റിന്റെ ഭാഗമായാണ് ഈ നടപടി.
ഇന്ത്യൻ സമൂഹത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
സന്ദർശനം ഫലപ്രദമായിരുന്നുവെന്നും അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച് കൂടുതൽ സേവനങ്ങൾ ഉറപ്പാക്കാൻ കോൺസുലേറ്റ് പ്രതിജ്ഞാബദ്ധമാണെന്നും പങ്കെടുത്തവർ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
NRI
ന്യൂയോർക്ക്: സിബി ഡേവിഡ് നേതൃത്വം നൽകുന്ന കലാവേദി യുഎസ്എയുടെ ആഭിമുഖ്യത്തിൽ ഷൈൻ ആർട്സ് മലയാളത്തിന്റെ "ബോധിവൃക്ഷത്തണലിൽ' ന്യൂയോർക്കിൽ വേദി ഒരുങ്ങുന്നു. കലാവേദിയുടെ 22-ാമത് വേദിയാണിത്.
ഗ്ലെൻ ഓക്സിലുള്ള PSQ 115 സ്കൂൾ ഓഡിറ്റോറിയത്തിലാണ് (80-51, 261st street, Glen Oaks NY - 11004. Entrance on 262nd street) ശനിയാഴ്ച വൈകുന്നേരം ആറിന് ഷോ ഒരുങ്ങുന്നത്. ന്യൂജഴ്സിൽ നിറഞ്ഞ സദസിനുള്ളിൽ അവതരിപ്പിച്ച നാടകമാണ് "ബോധിവൃക്ഷത്തണലിൽ'.
ന്യൂജനറേഷൻ കഥകളും പുതിയ സംസ്കാരവും അരങ്ങു വാഴുന്ന ഈ കാലഘട്ടത്തിൽ മലയാളത്തനിമയും പൈതൃകവും വിളിച്ചോതുന്ന ഒരു കഥയാണ് "ബോധിവൃക്ഷത്തണലിൽ' ഉള്ളത്. മാതൃനാടിന്റെ ഗൃഹാതുരത്വം ഹൃദയത്തിൽ ഏറ്റിക്കഴിയുന്ന കലാസ്നേഹികളായ ആസ്വാദകർക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു ഉത്തമ സൃഷ്ടിയായി ന്യൂയോർക്കിൽ ഉള്ളവർക്ക് അനുഭവപ്പെടും എന്ന് കലാവേദി യുഎസ്എയുടെ മുഖ്യസാരഥി സിബി ഡേവിഡ് അഭിപ്രായപ്പെട്ടു.
അൽഷിമേഴ്സ് രോഗാവസ്ഥയിൽ ആയിരിക്കുന്ന പിതാവ്, പിതാവിന്റെ സ്വത്തിനായി ദാഹിക്കുന്ന മക്കൾ, പിതാവിന്റെ സന്തതസഹചാരിയായ സഹായി എല്ലാവരും കൂടി കാട്ടിക്കൂട്ടുന്ന ശബ്ദകോലാഹലങ്ങൾക്കിടയിൽ ഞെരിഞ്ഞമരുന്ന ഒരു മനുഷ്യനും കുറെ മനുഷ്യരും.
മനുഷ്യബന്ധങ്ങളിലെ കുറ്റവും കുറവുകളും എടുത്തു കാട്ടുന്ന ഒരു കുടുംബ സാമൂഹ്യ, സംഗീത നാടകം അതാണ് "ബോധിവൃക്ഷത്തണലിൽ'. പ്രവേശനം പാസ്മൂലം. എല്ലാവരുമാനവും ചാരിറ്റിക്ക്. വിവരങ്ങൾക്ക്: സിബി ഡേവിഡ് - 917 353 1242.
NRI
ന്യൂയോർക്ക്: ലോംഗ് ഐലൻഡിൽ വളരെക്കാലമായി താമസിക്കുന്നതും ന്യൂയോർക്ക് മലയാളി സമൂഹത്തിൽ നിറസാന്നിധ്യവുമായ സഹൃദയൻ പണിക്കരുടെയും അമ്മുക്കുട്ടിയുടെയും ഏക മകൻ സമീർ സഹൃദയൻ (35) അന്തരിച്ചു.
പൊതുദർശനം വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മുതൽ എട്ട് വരെ പാർക്ക് ഫ്യൂണറൽ ഹോമിൽ (2175 Jericho Tpke, New Hyde Park , NY 11044). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30 മുതൽ എട്ട് വരെയും ശേഷം 12ന് ക്രിമിനേഷൻ ലോംഗ് ഐലൻഡ് സെമിത്തേരിയിൽ (91 Eads St. West Babylon, NY 11704).
മാവേലിക്കരയിലെ കലക്കാട് കുടുംബാംഗമാണ്. ന്യൂയോർക്കിലെ ശ്രീനാരായണ അസോസിയേഷന്റെ പ്രസിഡന്റായും ട്രസ്റ്റീ ചെയറായും നിരവധി തവണ കമ്മിറ്റി മെമ്പറയായും കെഎച്ച്എൻഎയുടെ കമ്മിറ്റി മെമ്പറും ഇപ്പോഴത്തെ ഓഡിറ്ററായും പ്രവർത്തിക്കുന്ന സഹൃദയൻ പണിക്കർ മഹിമയിലും എൻബിഎയിലും മലയാളി സമൂഹത്തിലും നിറസാന്നിധ്യമാണ്.
ന്യൂയോർക്കിലെ ശ്രീനാരായണാ അസോസിയേഷൻ, മഹിമ, എൻബിഎ, ഫൊക്കാന തുടങ്ങി നിരവധി സംഘടനകൾ സമീറിന്റെ നിര്യണത്തിൽ അനുശോചനം രേഖപ്പെടുത്തി.
NRI
ന്യൂയോര്‍ക്ക്: മേയ് മാസത്തിൽ അമേരിക്കയിൽ ഉടനീളം ഷോയുമായി എത്തുന്ന അനു സിത്താര ആൻഡ് ടീമിന്റെ ഷോകളുടെ ടിക്കറ്റ് വിതരണ ഉദ്ഘാടനം ന്യൂയോർക്കിലെ സിത്താർ പാലസിൽ കൂടിയ യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി നിർവഹിച്ചു.
അനു സിത്താരയുടെ പത്തു അംഗ ടീം മേയ് മാസത്തിൽ അമേരിക്കയിൽ ഉടനീളം യാത്ര ചെയ്യുബ്ബോൾ നിങ്ങൾക്കും നിങ്ങളുടെ സ്ഥലത്തു ഈ ഷോയ്ക്ക് വേണ്ടി ബുക്ക് ചെയ്യാം.
നടി അനു സിത്താര, ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ, ഗായകന് വിപിന്‍ സേവ്യര്‍, മിമിക്രി കലാകാരന് രാജേഷ് അടിമാലി എന്നിവര്‍ക്കൊപ്പം കാര്‍ത്തിക, സുനുല്‍ പാറയ്ക്കല്‍, അഖില്‍ കവലിയൂര്‍, റോണി റാഫേല്‍, ജസ്റ്റിന് പോള്‍ തുടങ്ങിയവരും അണിനിരക്കുന്ന മെഗാ ഷോ ആണ് സിനി ഫ്യൂഷന്‍-2026.
NRI
ന്യൂയോർക്ക് സിറ്റി: മേയർ സൊഹ്റാൻ മാംദാനിയുടെ പുതിയ ചൈൽഡ് കെയർ നയങ്ങളെത്തുടർന്ന് നഗരത്തിലെ പ്രശസ്തമായ സ്വകാര്യ പ്രീ-സ്കൂളുകൾ ഫീസ് കുത്തനെ വർധിപ്പിച്ചു. മൻഹാട്ടൻ സ്കൂൾഹൗസ് (Manhattan Schoolhouse) പോലുള്ള സ്ഥാപനങ്ങളിൽ വാർഷിക ഫീസ് ഇപ്പോൾ 36,000 ഡോളർ (ഏകദേശം 30 ലക്ഷം രൂപ) ആയി ഉയർന്നിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനത്തോളം വർധനവാണ് ഉണ്ടായത്. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയുള്ള പ്രോഗ്രാമിന് പ്രതിമാസം 4,000 ഡോളറോളം (ഏകദേശം 3.3 ലക്ഷം രൂപ) നൽകണം.
സർക്കാർ നടപ്പിലാക്കുന്ന സൗജന്യ പ്രീ-കെ (Pre-K) പദ്ധതികളിലെ അധ്യാപകർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്നതിനാൽ, മികച്ച അധ്യാപകരെ നിലനിർത്താൻ സ്വകാര്യ സ്കൂളുകൾക്കും ശമ്പളം വർധിപ്പിക്കേണ്ടി വരുന്നു. ഇതാണ് ഫീസ് കൂടാൻ പ്രധാന കാരണമായി സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
ഫീസ് വർധനവിനെതിരെ നൂറോളം കുടുംബങ്ങൾ ഒപ്പിട്ട നിവേദനം നൽകിയെങ്കിലും ഫീസിൽ നേരിയ കുറവ് മാത്രമാണ് സ്കൂൾ വരുത്തിയത്.
എല്ലാവർക്കും സൗജന്യ ചൈൽഡ് കെയർ ലഭ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മേയർ മാംദാനി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ 2,000-ത്തിലധികം സൗജന്യ സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ അപ്പർ ഈസ്റ്റ് സൈഡ് പോലുള്ള ചില പ്രദേശങ്ങളിൽ ഈ ആനുകൂല്യം ലഭ്യമല്ലാത്തതാണ് രക്ഷിതാക്കളെ വലയ്ക്കുന്നത്.
നിലവിൽ ന്യൂയോർക്കിലെ കുട്ടികളെ വളർത്തുന്നതിനുള്ള ചെലവ് സാധാരണ കുടുംബങ്ങൾക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
NRI
ന്യൂയോർക്ക്: ആദ്യകാല മലയാളികളിൽ ഒരാളായ തിയോബാൾഡ് പെരേര (91) ലോംഗ് ഐലൻഡ് വെസ്റ്റ്ബറിയിൽ അന്തരിച്ചു. ഭാര്യ സൂസൻ. മക്കൾ: സുതി, സീമ. മരുമക്കൾ: സാജു സൈമൺ, ജോസെഫ് പാൽമെർസൺ.
സംസ്കാരം പിന്നീട്. അമേരിക്കൻ മലയാളി ക്രൈസ്തവരുടെ ആദ്യ സംഘടനകളിൽ ഒന്നായ ഇന്ത്യ കാത്തലിക് അസോസിയേഷന്റെ ആദ്യകാല അംഗവും പ്രവർത്തകരിൽ ഒരാളുമായിരുന്ന തിയോബാൾഡ് ഇന്ത്യ ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ സ്ഥാപകനേതാവും ഗ്രെയ്റ്റർ ന്യൂയോർക്ക് കേരളം സമാജത്തിന്റെ ആദ്യകാല സഹായിയും ന്യൂയോർക്ക് സീറോമലങ്കര കമ്യൂണിറ്റിയുടെ സഹകാരിയുമായിരുന്നു.
NRI
ന്യൂയോർക്ക്: 23-ാ മത് നോർത്ത് അമേരിക്ക ഭദ്രാസന മർത്തോമ്മാ യുവജന സഖ്യം കോൺഫറൻസ് ഓഗസ്റ്റ് 14 മുതൽ 16 വരെ ന്യൂയോർക്കിലെ എല്ലെൻവിൽ ഹോണേഴ്സ് ഹെവൻ റിസോർട്ടിൽ നടക്കും.
ന്യൂയോർക്ക് ശാലേം മാർത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ കോൺഫറൻസിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.
ബൈബിൾ പഠനങ്ങൾ, പ്രചോദനാത്മക പ്രസംഗങ്ങൾ, ഗൈഡൻസ് സെഷനുകൾ, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പാനൽ ചർച്ചകൾ, സെമിനാറുകൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് കോൺഫറൻസിൽ ഒരുക്കിയിരിക്കുന്നത്.
നോർത്ത് അമേരിക്ക ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ, മാർത്തോമ്മാ സഭയിലെ പ്രമുഖ പ്രഭാഷകനായ റവ. ഡോ. മോത്തി വർക്കി എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.
NRI
ന്യൂയോര്‍ക്ക്: ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ ബെഞ്ചമിന്‍ പി. തോമസ് (62) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.
പൊതുദർശനം വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് മുതല്‍ ഒമ്പത് വരെ ഇന്ത്യ ക്രിസ്ത്യന്‍ അസംബ്ലി 100 പെരിവിങ്കിള്‍ റോഡ്, ലെവിറ്റൗണ്‍, ന്യൂയോര്‍ക്കിൽ 11756.
സംസ്കാരം ശനിയാഴ്ച രാവിലെ 8.30 മുതല്‍ 11 വരെയുള്ള ശുശ്രൂഷയ്ക്ക് ശേഷം 12ന് പൈന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക്, 2030 വെല്വുഡ് അവന്യൂ, ഫാര്‍മിംഗ്ഡെയ്ല്‍, ന്യൂയോര്‍ക്കിൽ 11735.
NRI
ന്യൂയോര്‍ക്ക്: ഫോമാ മുന്‍ പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ജേക്കബ് തോമസിനെ അഞ്ചാം തവണയും ലോക കേരള സഭാംഗമായി തെരഞ്ഞെടുത്തു.
ന്യൂയോര്‍ക്കിലെ മാരിയറ്റ് മാര്‍ക്കീസ് സെന്ററില്‍ നടന്ന ഫോമയുടെ അമേരിക്കന്‍ റീജിയൺ കണ്വന്ഷന് വിജയിപ്പിക്കുന്നതിന് അദ്ദേഹം നേതൃത്വം നല്കി.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. തെലുങ്കാനയിലെ ജങ്കാവ് ജില്ലയിൽ നിന്നുള്ള സഹജ റെഡ്ഡി ഉദുമല(24) ആണ് മരിച്ചത്.
ന്യൂയോർക്കിലെ അൽബാനിയയിലെ ഇവർ താമസിച്ചിരുന്ന വീട്ടിലാണ് തീപിടിത്തമുണ്ടായത്. തൊട്ടടുത്ത കെട്ടിടത്തിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് സഹജയുടെ മുറിയിലേക്കും തീ പടരുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന സഹജയ്ക്ക് രക്ഷപെടാൻ സാധിച്ചില്ല.
NRI
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത് ഈസ്റ്റ് റീജിയണൽ സേവികാ സംഘത്തിന്റെ നേതൃത്വത്തിൽ സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് ഡെലവെയർ വാലിയിൽ റീജിയണൽ മീറ്റിംഗും ടാലന്റ് ഫെസ്റ്റും സംഘടിപ്പിച്ചു.
റവ. ഷെറിൻ ടോം മാത്യൂസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട സമ്മേളനത്തിൽ ന്യൂയോർക്ക് ലോംഗ് ഐലൻഡ് മാർത്തോമ്മാ ഇടവക വികാരി റവ. ജോസി ജോസഫ് മുഖ്യ സന്ദേശം നൽകി. റവ. അരുൺ സാമുവേൽ വർഗീസ് പ്രാരംഭ പ്രാർഥനയും റവ. ഫിലിപ്പോസ് ജോൺ സ്വാഗതവും ആശംസിച്ചു.
തുടർന്ന് നടന്ന കലാ മത്സരങ്ങളിൽ ഗ്രൂപ്പ് സോംഗ് മത്സരത്തിൽ റെഡീമർ മാർത്തോമ്മാ ചർച്ച് ഒന്നാം സ്ഥാനവും ബാൾട്ടിമോർ മാർത്തോമ്മാ ചർച്ച് രണ്ടാം സ്ഥാനവും സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് ഡെലവെയർ വാലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
NRI
ന്യൂയോര്‍ക്ക്: കുമരകം സ്വദേശിയായ അധ്യാപകന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ടീച്ചര്‍ ഓഫ് ദ ഇയര്‍ 2026 പുരസ്കാരം ലഭിച്ചു. കുമരകം 12-ാം വാര്‍ഡില്‍ വാഴവേലിത്തറ പ്രിന്‍സ് ജോണ്‍സണിനാണ് അവാര്‍ഡ് ലഭിച്ചത്.
മന്‍ഹാട്ടന്‍ ഫുഡ് ആന്‍ഡ് ഫിനാന്‍സ് ഹൈസ്കൂള്‍ അധ്യാപകനാണ് പ്രിന്‍സ്. കമാന്‍ഡര്‍ മാത്യു ജോണ്സണ് - ഏലിയാമ്മ ദമ്പതികളുടെ മകനാണ്.
NRI
വാഷിംഗ്ടൺ ഡിസി: നയാഗ്ര വെള്ളച്ചാട്ടം കണ്ട് മടങ്ങിയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അഞ്ച് പേർക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഇന്ത്യക്കാർ ഉൾപ്പെടെ 54 പേർക്ക് പരിക്കേറ്റു.
ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നും അധികൃതർ പറഞ്ഞു. ഇന്ത്യൻ, ചൈനീസ്, ഫിലിപ്പീൻസ് സ്വദേശികളായിരുന്നു ബസിൽ കൂടുതൽ ഉണ്ടായിരുന്നത്. നയാഗ്രയിൽ തിരിച്ച് ന്യൂയോർക്ക് സിറ്റിയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട് ബസ് റോഡിന് ഒരു വശത്തേക്ക് മറിയുകയായിരുന്നു. സംഭവം നടന്ന ഉടൻതന്നെ എല്ലാവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചുപേരുടെ ജീവൻ രക്ഷിക്കാനായില്ല.